ആലപ്പാട്ട് കുടുംബചരിത്രം

വീര്യത്തിന്റെയും പാരമ്പര്യത്തിന്റെയും സ്മൃതിരേഖ

ആമുഖം

ഏതൊരു കുടുംബത്തിന്റെയും വർത്തമാനകാലം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അതിന്റെ ഭൂതകാലത്തിന്റെ ശക്തമായ അടിത്തറയിലാണ്. ധീരതയുടെയും കഠിനാധ്വാനത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും കഥകൾ പറയാനുള്ള ഒരു മുൻതലമുറയുടെ പിൻഗാമികളാണ് നമ്മൾ. എണ്ണൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള ചരിത്രവഴികളിലൂടെ സഞ്ചരിച്ചാൽ, കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ചരിത്രത്തിൽ തങ്ങളുടേതായ മുദ്രപതിപ്പിച്ച ആലപ്പാട്ട്ട് കുടുംബത്തിന്റെ ഉത്ഭവവും വളർച്ചയും നമുക്ക് ദർശിക്കാൻ സാധിക്കും. തൃശ്ശിവപേരൂരിന്റെ മണ്ണിൽ നിന്നും തുടങ്ങി അമയന്നൂരിന്റെ ഹൃദയഭാഗത്ത് വേരുറപ്പിച്ച്, ഇന്ന് മംഗലാപുരം മുതൽ തിരുവനന്തപുരം വരെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വടവൃക്ഷമാണ് ആലപ്പാട്ട്ട് തറവാട്. ആ ധന്യചരിത്രത്തിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.

തൃശ്ശിവപേരൂരിൽ നിന്നുള്ള ഉത്ഭവവും തിരുവല്ലയിലെ പടയോട്ടവും

ഏതാണ്ട് എണ്ണൂറ് വർഷങ്ങൾക്കു മുൻപാണ് നമ്മുടെ പൂർവികരുടെ ചരിത്രം ആരംഭിക്കുന്നത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരിൽ (തൃശ്ശൂർ) നിന്നായിരുന്നു അവരുടെ പ്രയാണം. അക്കാലത്തെ രാജ്യാതിർത്തികളും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത്, അന്നത്തെ പ്രബലമായ തിരുവല്ല രാജകുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് നമ്മുടെ പൂർവികർ തെക്കോട്ട് യാത്രതിരിച്ചു.

കേവലം സാധാരണക്കാരല്ല, മറിച്ച് അസാധാരണമായ ആയോധന നൈപുണ്യമുള്ള പടയാളികളും കളരിവിദഗ്ദ്ധരുമായിരുന്നു നമ്മുടെ പൂർവികർ. തിരുവല്ല രാജാവിന്റെ വിശ്വസ്തരായ പടനായകന്മാരായും, രാജകുടുംബാംഗങ്ങളെയും സൈന്യത്തെയും ആയോധന കലകൾ അഭ്യസിപ്പിക്കുന്നതിനുള്ള കളരി ഗുരുക്കന്മാരായുമാണ് അവർ തിരുവല്ലയിൽ തങ്ങളുടെ സേവനം ആരംഭിച്ചത്. ആയുധവിദ്യയിലുള്ള അസാമാന്യ പ്രാവീണ്യവും കർത്തവ്യബോധവും അവരെ രാജസദസ്സിലെ അത്യന്തം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി.

അമയന്നൂരിലേക്കുള്ള കുടിയേറ്റവും കോത്തലക്കരയിലെ ഗ്രാമാധിപത്യവും

കാലാന്തരത്തിൽ, തിരുവല്ലയിൽ നിന്നും ഒരു വിഭാഗം പൂർവികർ തങ്ങളുടെ ആയോധന വൈഭവം അമയന്നൂർ ദേശത്തേക്ക് വ്യാപിപ്പിച്ചു. അന്നത്തെ അമയന്നൂർ രാജാവിന്റെ പ്രത്യേക താല്പര്യപ്രകാരം അദ്ദേഹത്തിന്റെ പടത്തലവന്മാരായി (പടക്കുറുപ്പന്മാർ) നമ്മുടെ കാരണവന്മാർ നിയമിതരായി. രാജ്യസുരക്ഷയും ആയോധന പരിശീലനവും അവർ വിശ്വസ്തതയോടെ നിർവഹിച്ചുപോന്നു.

നമ്മുടെ പൂർവികരുടെ വിശ്വസ്തതയിലും ധീരതയിലും അങ്ങേയറ്റം പ്രീതനായ അമയന്നൂർ രാജാവ് അവർക്ക് വലിയൊരു ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. കരം ഒഴിവാക്കി (നികുതിരഹിതമായി) കോത്തലക്കരയിൽ 110 ഏക്കറോളം വരുന്ന വിശാലമായ ഭൂമിയാണ് രാജാവ് കുടുംബത്തിന് നൽകിയത്. അതോടൊപ്പം അവരെ ആ ദേശത്തെ ഗ്രാമാധികാരികളായി നിയമിക്കുകയും ചെയ്തു. ഇതോടെ കോത്തലക്കരയിൽ നമ്മുടെ കുടുംബത്തിന്റെ പുതിയൊരു ചരിത്രാധ്യായം ആരംഭിച്ചു.

ഇന്നത്തെ തലമുറയുടെ കൈവശമുള്ള ആധാരങ്ങളിൽ ഇപ്പോഴും അമയന്നൂർ ദേവസ്വം ഭൂമിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. ഇത് നമ്മുടെ ചരിത്രത്തിന് കാലം കാത്തുവെച്ച ഏറ്റവും വലിയ ഔദ്യോഗികവും നിയമപരവുമായ തെളിവാണ്.

110 ഏക്കർ സാമ്രാജ്യവും പുരാതന കളരിയും

ചെന്നാമറ്റം ഭാഗത്തു നിന്ന് തുടങ്ങി ചാത്തനാപതാൽ വരെ വ്യാപിച്ചുകിടന്നിരുന്ന 110 ഏക്കറോളം വരുന്ന ഭൂപ്രദേശം ആലപ്പാട്ട് കുടുംബത്തിന്റെ പ്രതാപത്തിന്റെ പ്രതീകമായിരുന്നു. ഈ ഭൂമിയുടെ ഹൃദയഭാഗത്ത്, ഇന്നുള്ള ആലപ്പാട്ട് തറവാടിന് തെക്കു കിഴക്കു വശത്തായി പൂർവികർ താമസിച്ചിരുന്ന പഴയൊരു വീടും അതിനോട് ചേർന്ന് പ്രശസ്തമായൊരു കളരിയും ഉണ്ടായിരുന്നു. ദേശത്തെ യുവാക്കൾക്ക് ആയുധവിദ്യ പകർന്നു നൽകിയിരുന്ന ഒരു വലിയ സാംസ്കാരിക കേന്ദ്രമായിരുന്നു ആ കളരി.

കാലത്തിന്റെ കുത്തൊഴുക്കിൽ ആ പഴയ വീടും കളരിയും മാഞ്ഞുപോയെങ്കിലും, അതിന്റെ സ്മരണകൾ ഇന്നും സജീവമാണ്:

  • തറക്കല്ലുകൾ: പഴയ വീടിന്റെ തറ കെട്ടിയ കല്ലുകൾ ഇന്നും ഒരു ചരിത്രസ്മാരകം പോലെ ആ മണ്ണിൽ അവശേഷിക്കുന്നുണ്ട്.
  • പഴയ കിണർ: കല്ലുകൾക്ക് സമീപം ഇന്നും കാണാൻ സാധിക്കുന്ന, ഉപയോഗശൂന്യമായ ഒരു പഴയ കിണറുണ്ട്. കളരിയുടെ പ്രവർത്തനം അവസാനിപ്പിച്ച കാലത്ത്, അവിടെ പൂജിച്ചിരുന്ന അത്യപൂർവ്വ ആയുധങ്ങളും കളരിയിൽ ആരാധിച്ചുവന്ന ഉഗ്രമൂർത്തികളെയും ഈ കിണറ്റിലാണ് നിമജ്ജനം ചെയ്തത് എന്നാണ് ഐതീഹ്യം.

ഇത് വെറുമൊരു വിശ്വാസമല്ലെന്ന് തെളിയിക്കുന്നതാണ് 1983-ലും 1987-ലും കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ദേവപ്രശ്നങ്ങൾ. അന്നത്തെ പ്രശ്നചിന്തകളിൽ ഈ കളരിയുടെ സാന്നിധ്യവും കിണറ്റിൽ മറഞ്ഞു കിടക്കുന്ന ആത്മീയ ചൈതന്യവും തെളിഞ്ഞുകാണുകയുണ്ടായി.

ബ്രാഹ്മണബന്ധവും ആത്മീയതേജസ്സും

നമ്മുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു വഴിത്തിരിവാണ് ഒരു ബ്രാഹ്മണ കുടുംബവുമായുള്ള ബന്ധം. രാജഭരണത്തിലും ഭരണകാര്യങ്ങളിലും സജീവമായി ഇടപെട്ടിരുന്ന നമ്മുടെ ഒരു കാരണവർ ഒരു ബ്രാഹ്മണ സ്ത്രീയെ വിവാഹം കഴിക്കുകയുണ്ടായി. ഈ ബന്ധത്തിലൂടെയാണ് കുടുംബത്തിലേക്ക് തനതായ ഭാരതീയ ആത്മീയ ചൈതന്യവും ശാക്തേയ പൂജാവിധികളും തേവാര മൂർത്തികളും കടന്നുവരുന്നത്. ഇതിനുള്ള ശക്തമായ തെളിവുകൾ ഇന്നും തറവാട്ടു മണ്ണിലുണ്ട്:

ബ്രാഹ്മണ ഭവനങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ പ്രതിഷ്ഠകളുടെ സാന്നിധ്യം മുൻപ് പറഞ്ഞ വൈവാഹിക ബന്ധത്തിലേക്കും അതിലൂടെ കുടുംബത്തിന് സിദ്ധിച്ച ആത്മീയ ഔന്നത്യത്തിലേക്കും വിരൽ ചൂണ്ടുന്ന ചരിത്രസത്യങ്ങളാണ്.

ആലപ്പാട്ട് - ക്ഷേത്രം

ഭദ്രകാളിയെ പ്രധാന മൂർത്തിയായി തീരുമാനിച്ച് ഉപദേവതകളായിട്ടു നാഗരാജാവ്, ഭദ്രകാളിക്ക് തുല്യമായി നാഗയക്ഷിയമ്മ നിർണ്ണയിക്കുകയും. 3 നാഗരാജാക്കന്മാർ, നാഗയക്ഷിയമ്മ, നാഗയക്ഷി, കരിനാഗം, ഗന്ധർവസ്വാമി എന്നിവരെ യഥാവിധി പൂജിച്ചു പോരുന്നു. പൂർവികരാൽ ആചരിച്ചു വന്ന പരദേവത ഭദ്രകാളി സങ്കല്പത്തിലായിരുന്നു. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി, ആലപ്പാട്ട്ട് കുടുംബാംഗങ്ങൾ വളരെ ഭക്തിയോടെയും അചഞ്ചലമായ പ്രതിബദ്ധതയോടെയും പഴക്കമുള്ള ആചാരങ്ങളും ഉയർത്തിപ്പിടിക്കുന്നു.

മുഴുവനും വായിക്കുക →